യുവസമിതി
എന്ത് ..?
എന്തിനു ..?
യുവമനസ്സുകളുടെ ആത്മാര്‍ത്ഥതയും ചെറുത്തു നില്‍പുമാണ് എന്നും
സമൂഹത്തിന്റെ പുരോഗമനപരമായ മുന്നോട്ടു പോക്കിനു കാരണം ഇന്ന് ഈ കടമ
ഏറ്റെടുക്കുന്നതില്‍ യുവസമൂഹം പരാജയപ്പെടുന്നു എന്നും പോയകാലത്തിന്റെ
പോരാളികള്‍ തന്നെ ആ ചുമതല നിര്‍വ്വഹിക്കേണ്ടിവരുന്നു എന്നുമുള്ള
വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അതിന്റെ
യാഥാര്‍ത്ഥ്യം എന്തായാലും നായകത്വം ഏറ്റെടുക്കാന്‍ തയ്യാറാവേണ്ട മനസ്സുകള്‍
വിശാലവും കാര്യകാരണബോധമുള്ളവയുമായിരിക്കണം. ജാതി - മതസംഘടനകളുടെയും
കറക്കുകമ്പനികളുടെയും ആള്‍ദൈവങ്ങളുടെ മുമ്പിലെ നീണ്ട നിരയിലും കുറ്റവാളി
ലിസ്റ്റിലും യുവാക്കളുടെ എണ്ണം താരതമ്യേന വലിയ അളവില്‍ കാണുന്നു എന്നത്
ശുഭകരമല്ല. കമ്പോളശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പൂര്‍ണമായും
അരാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമായി നമ്മുടെ സമൂഹം
മാറിയിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നു മാത്രമേ നാം എത്തിച്ചേര്‍ന്ന ഈ
അവസ്ഥയെ മുറിച്ചുകടക്കാനാവൂ. ഉയര്‍ന്ന വിദ്യാഭ്യാസവും സാക്ഷരതയും നമ്മുടെ
യുക്തിചിന്തയെയും സാമൂഹ്യബോധത്തെയും വളര്‍ത്തിയില്ല എന്നു നാം
അംഗീകരിക്കേണ്ടിവരും. ശാസ്‌ത്രബോധവും യുക്തിചിന്തയും നയിക്കുന്ന ഒരു തലമുറ
സൃഷ്‌ടിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ ആവശ്യമാണെന്നു ഇതു
സൂചിപ്പിക്കുന്നു. നവലിബറല്‍ ആശയങ്ങളെ പൂര്‍ണമനസ്സോടെ ആശ്ലേഷിച്ച ഒരു
സമൂഹത്തെ ശാസ്‌ത്രീയജീവിത വീക്ഷണത്തിലേക്കു നയിക്കുക എന്നത് നിരന്തരമായ
ഇടപെടലുകളുടെയും മാതൃകകള്‍ സൃഷ്‌ടിക്കുന്നതിലൂടെയും മാത്രമേ സാധ്യമാവൂ.
അവിടെയാണ് യുവസമിതിയുടെ പ്രസക്തി.
ശാസ്‌ത്രബോധവും യുക്തിചിന്തയും സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കാനും
സമൂഹത്തിന്റെ ചലനങ്ങളെ അതിന്റെ പാരാമീറ്ററുകള്‍കൊണ്ട് അളക്കാനും
പ്രതിലോമപരമായവയെ ചെറുക്കാനും ഉള്ള ശേഷി യുവസമൂഹം
ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. അതിന് എളുപ്പവഴികളില്ല - വഴികള്‍ കൂട്ടായ
അന്വേഷണത്തിലൂടെ കണ്ടെത്തപ്പെടേണ്ടതാണ്. ആ അന്വേഷണങ്ങള്‍ക്കുള്ള വേദിയാണ്
യുവസമിതി....
No comments:
Post a Comment